ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ
Tuesday, April 2, 2024 7:57 AM IST
സിയൂൾ: കിഴക്കൻ കടൽ എന്നറിയപ്പെടുന്ന ജപ്പാൻ കടലിലേക്ക് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണകൊറിൻ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ഖര-ഇന്ധന എൻജീനുള്ള പുതിയ തരം ഇന്റർമീഡിയറ്റ് റേഞ്ച് ഹൈപ്പർസോണിക് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ മേൽനോട്ടം വഹിച്ചതായി പ്യോംഗ്യാംഗ് സ്റ്റേറ്റ് മീഡിയ വെളിപ്പെടുത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് വിക്ഷേപണം. ഉത്തര കൊറിയ മിസൈൽ തൊടുത്തതായി ജപ്പാനും പറഞ്ഞു.
ഉത്തരകൊറിയ ഈ വർഷം ഇതുവരെ നടത്തിയ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമായിരുന്നു ഇത്. കഴിഞ്ഞ വർഷം തങ്ങളുടെ ആദ്യത്തെ ഖര ഇന്ധനമുള്ള ഐസിബിഎം വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു.
ഖര-ഇന്ധന മിസൈലുകൾ വിക്ഷേപിക്കുന്നതിന് മുമ്പ് ഇന്ധനം നൽകേണ്ടതില്ല. അവ കണ്ടെത്താനും നശിപ്പിക്കാനും പ്രയാസകരമാണ്. അതുപോലെ തന്നെ വേഗത്തിൽ ഉപയോഗിക്കാൻ കഴിയും.