മുഖ്താര്‍ അന്‍സാരിയുടെ സംസ്കാരം ഇന്ന്
Saturday, March 30, 2024 9:47 AM IST
ലക്നോ: അന്തരിച്ച ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരിയുടെ സംസ്കാരം ഇന്ന്. അതിശക്തമായ സുരക്ഷയില്‍ ഗാസിയപുരിലാണ് സംസ്കാരം നടക്കുന്നത്.
ബന്ദ ജില്ലയിലെ റാണി ദുർഗാവതി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജന്മനാടായ ഗാസിപൂരിലേക്ക് കൊണ്ടുപോയി. 24 പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് പ്രയാഗ്രാജ്, ഭദോഹി, കൗസാമ്പി, വാരണാസി തുടങ്ങിയ ജില്ലകളിലൂടെ സഞ്ചരിച്ച് ഘാസിപൂരിലെത്തി.
അൻസാരിയുടെ മക്കളായ ഉമർ അൻസാരിയും അബ്ബാസ് അൻസാരിയും ഭാര്യയും രണ്ട് ബന്ധുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. മുഹമ്മദാബാദിലെ കാളിബാഗിലെ കുടുംബ ശ്മശാനമാണ് മുഖ്താർ അൻസാരിയുടെ അന്ത്യവിശ്രമസ്ഥലമായി തീരുമാനിച്ചിരിക്കുന്നത്.
സംസ്കാര ചടങ്ങുകൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഗാസിപൂരിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.