യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Friday, March 29, 2024 2:06 AM IST
മോസ്കോ: യുക്രെയ്ൻ യുദ്ധത്തെ എതിർത്ത മാധ്യമപ്രവർത്തകനെ രണ്ടുവർഷം തടവിന് ശിക്ഷിച്ച് റഷ്യ. കലിനിൻഗ്രാഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കോടതിയാണ് മിഖായേൽ ഫെൽഡ്മാനെ ശിക്ഷിച്ചത്.
മോസ്കോ പോലീസ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുത്ത അഞ്ച് സ്വതന്ത്ര മാധ്യമപ്രവർത്തകരിൽ ഒരാളെയാണ് രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്.
ഫെൽഡ്മാൻ സമൂഹമാധ്യമങ്ങളിലൂടെ റഷ്യയുടെ സായുധ സേനയെ അപകീർത്തിപ്പെടുത്തിയെന്ന് കോടതി പറഞ്ഞു. കൂടാതെ ഫെൽഡ്മാനെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിൽ നിന്നും രണ്ട് വർഷത്തേക്ക് വിലക്കിയിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധത്തെ എതിർത്തതിന് നൂറുകണക്കിനാളുകൾക്കെതിരെ റഷ്യ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സൈനിക സെൻസർഷിപ്പ് നിയമങ്ങൾ പ്രകാരം, റഷ്യൻ ഉദ്യോഗസ്ഥർ നൽകുന്നതല്ലാത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവർത്തകരോ പൗരന്മാരോ വർഷങ്ങളോളം തടവ് അനുഭവിക്കേണ്ടിവരും.
അന്തരിച്ച പ്രതിപക്ഷ നേതാവായ അലക്സി നവൽനിയുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചതിന് മാധ്യമപ്രവർത്തകനായ അന്റോണിന ഫാവോർസ്കായെ 10 ദിവസത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഇവരെ ചോദ്യം ചെയ്യലിനും വിധേയയാക്കി.
അന്റോണിനയെ കാണാൻ വന്ന സഹപ്രവർത്തകരായ അലക്സാന്ദ്ര അസ്തഖോവയെയും അനസ്താസിയ മുസറ്റോവയെയും പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ, അന്റോണിനയുടെ വീടിന് സമീപം ചിത്രീകരണം നടത്തുകയായിരുന്ന റിപ്പോർട്ടർമാരായ എകറ്റെറിന അനികിവിച്ച്, കോൺസ്റ്റാന്റിൻ ഷാരോവ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
"അവർ എന്നെ ചവിട്ടി, എന്റെ തലയിൽ ഒരു കാൽ വെച്ചു, എന്റെ വിരലുകൾ വളച്ചൊടിച്ചു, ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എന്നെ പരിഹസിച്ചു, സ്ഫോടകവസ്തുക്കൾ ഉള്ളതുപോലെ എന്നോടു പെരുമാറി'. ഷാരോവ് പറഞ്ഞു.
യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിനുശേഷം, രാജ്യത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന മിക്കവാറും എല്ലാ സ്വതന്ത്ര മാധ്യമ സംഘടനകളെയും റഷ്യ നിരോധിക്കുകയോ തടയുകയോ സെൻസർ ചെയ്യാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി സ്വതന്ത്ര പത്രപ്രവർത്തകർ രാജ്യത്തു നിന്നും പലായനം ചെയ്തു. അവശേഷിക്കുന്നവർ അപകടസാധ്യതകൾ നേരിടുന്നുണ്ട്. യുഎസ് റിപ്പോർട്ടർമാരായ ഇവാൻ ഗെർഷ്കോവിച്ചും അൽസു കുർമഷേവയും ഇപ്പോൾ വിചാരണ കാത്ത് ജയിലിലാണ്.