ആലുവയിലെ തട്ടിക്കൊണ്ടുപോകലിന് കാരണം നിധിക്കഥ ?
Thursday, March 28, 2024 6:43 PM IST
ആലുവ: നഗരമധ്യത്തിൽനിന്ന് ഇതര സംസ്ഥാനക്കാരായ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത് നിധി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിനെ തുടർന്നെന്ന് സൂചന. തട്ടിക്കൊണ്ടുപോയവരുടെ കൈയിൽനിന്ന് രക്ഷപ്പെട്ട അതിഥി തൊഴിലാളികൾ ആസാമിലേക്ക് പോയതായി സൂചന ലഭിച്ചതോടെ അന്വേഷണ സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികളുടെ മൊഴി പ്രകാരം തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളുടെ ബന്ധുവിന്റെ കടയിലെ ജീവനക്കാരനാണ് ആസാം സ്വദേശികളിലൊരാൾ. ആസാമിലെ കിണറിൽനിന്ന് നിധി ലഭിച്ചെന്ന് അവകാശപ്പെട്ട ഇയാൾ പരിശോധനയ്ക്കായി പ്രതികൾക്ക് സ്വർണം നൽകിയതാണ് സംഭവങ്ങളുടെ തുടക്കം. യഥാർഥ സ്വർണമെന്ന് മനസിലായതോടെ പ്രതികൾ ബാക്കി ഭാഗത്തിനായുള്ള തുകയും കൈമാറി.
സ്വർണത്തിനായി അഞ്ച് ലക്ഷം രൂപ നൽകിയെങ്കിലും നിധി ലഭിച്ചില്ല. പിന്നീടാണ് പ്രതികൾ നിധിക്കഥ കെട്ടുകഥയാണെന്ന് അറിഞ്ഞത്. തുടർന്നാണ് മൂവരെയും കഴിഞ്ഞ 17ന് രാവിലെ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് അഞ്ചംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരത്തുവച്ച് വാഹനം ഉപേക്ഷിച്ച് പ്രതികൾ കടന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. പോലീസിൽ പരാതി നൽകാതെ ഇതരസംസ്ഥാനത്തൊഴിലാളികൾ ആസാമിലേക്കും കടന്നിരിക്കുകയാണ്.