പണം നൽകിയില്ല; പിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി കൗമാരക്കാരൻ
Sunday, March 24, 2024 6:01 AM IST
ലക്നോ: ഉത്തർപ്രദേശിൽ വ്യവസായി മുഹമ്മദ് നയീമിന്റെ മരണത്തിൽ വഴിത്തിരിവ്. മുഹമ്മദ് നയീമിനെ കൊലപ്പെടുത്താൻ അദ്ദേഹത്തിന്റെ മകനാണ് തങ്ങളോട് ആവശ്യപ്പെട്ടതെന്ന് കേസിൽ അറസ്റ്റിലായ മൂന്നുപേരും പോലീസിന് മൊഴി നൽകി.
മുഹമ്മദ് നയീമിന്റെ 16കാരനായ മകനാണ് തങ്ങൾക്ക് ക്വട്ടേഷൻ നൽകിയതെന്ന് അറസ്റ്റിലായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവർ പോലീസിനോടു പറഞ്ഞു. ഇതോടെ, വ്യാഴാഴ്ച പട്ടി മേഖലയിൽ വ്യവസായി മുഹമ്മദ് നയീം (50) ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് മരിച്ച സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്.
ആറു ലക്ഷം രൂപയാണ് തങ്ങൾക്ക് വാഗ്ദാനം ചെയ്തതെന്നും 1.5 ലക്ഷം രൂപ അഡ്വാൻസ് ആയി മകൻ നൽകിയെന്നും ഇവർ പോലസിനോടു പറഞ്ഞു. ആവശ്യത്തിന് പണം നൽകാത്തതിനാൽ മകൻ പിതാവിനോട് വഴക്കിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
തന്റെ ആവശ്യങ്ങൾക്കായി കടയിൽ നിന്ന് പണമോ വീട്ടിൽ നിന്ന് ആഭരണങ്ങളോ മോഷ്ടിക്കാറുണ്ടായിരുന്നുവെന്ന് കൗമാരക്കാരൻ പോലീസിനോടു പറഞ്ഞു. പിതാവിനെ കൊല്ലാൻ നേരത്തെയും മകൻ പദ്ധതിയിട്ടിരുന്നു. അറസ്റ്റിലായ മൂന്നുപേരും റിമാൻഡിലാണ്. കൗമാരക്കാരൻ ജുവനൈൽ ഹോമിലാണ്.