കേജരിവാളിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് ചെന്നിത്തല
Friday, March 22, 2024 3:52 AM IST
തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റോട് കൂടി ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അടിയന്തരമായി സുപ്രീം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത്. ആയിരം കോടി ഇലക്ട്രൽ ബോണ്ട് വഴി അഴിമതി നടത്തിയ ബിജെപിയാണ്, അഴിമതി ആരോപണം ഉയർത്തി അർധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്തെ അന്വേഷണ ഏജൻസികൾ ബിജെപിയുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബിജെപിക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബിജെപി സർക്കാർ ചരിത്രത്തിൽ ആദ്യമായി അഴിമതിക്കേസിൽ രാജ്യത്തെ ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്തത് തോൽവി മുന്നിൽ കണ്ട് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.