രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സവർക്കറുടെ പേര് ദുരൂപയോഗം ചെയ്യുന്നു: രഞ്ജിത് സവർക്കർ
Monday, March 18, 2024 6:46 AM IST
മുംബൈ: രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സവർക്കറുടെ പേര് ദുരൂപയോഗം ചെയ്യുകയാണെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ.
ഇത് കോൺഗ്രസിന്റെ പഴയ ശീലമാണ്. സവർക്കറെ അപമാനിച്ചതിന് രാഹുൽ ഗാന്ധിയെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 2019 ൽ ഉദ്ധവ് താക്കറെ പറഞ്ഞത് ഞാൻ ഓർക്കുന്നു.
അദ്ദേഹവും ഇന്ത്യൻ ബ്ലോക്കിലെ മറ്റ് നേതാക്കളും എന്റെ മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ തുടരുകയാണ്. എന്നിരുന്നാലും, ഈ പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയിൽ ഇതിനകം കണ്ടുകഴിഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള എതിർപ്പ് വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
സവർക്കർക്കെതിരെ അനാദരവും നിന്ദ്യവുമായ പരാമർശങ്ങൾ രാഹുൽ തുടരുന്നുണ്ടെങ്കിലും, 2019 ൽ രാഹുലിനെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ ഇപ്പോൾ അദ്ദേഹത്തോടൊപ്പം നിൽക്കുകയാണെന്നും രഞ്ജിത് കുറ്റപ്പെടുത്തി.
ദേശീയ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ അദ്ദേഹത്തിനെതിരെ ഇത്തരം പരാമർശങ്ങൾ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് നടത്തുന്നത്. സവർക്കറെ രാഷ്ട്രീയത്തിനായി അപമാനിക്കുന്നത് തെറ്റാണ്, ജനങ്ങൾ മറുപടി നൽകുമെന്നും രഞ്ജിത് പറഞ്ഞു.