ഷാരോൺ വധക്കേസ്; ഗ്രീഷ്മ സുപ്രീംകോടതിയിൽ
Saturday, March 16, 2024 10:32 PM IST
ന്യൂഡൽഹി: പാറശാല ഷാരോൺ വധക്കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഗ്രീഷ്മയടക്കമുള്ള പ്രതികൾ. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നാണ് വാദം.
സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂ എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരുമാണ് ഹർജിക്കാർ.
നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 2022 ഒക്ടോബർ 14 നാണ് ഗ്രീഷ്മ കാമുകൻ ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ വിഷം നൽകി കൊന്നത്. പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണം.