കേരള സർവകലാശാല യുവജനോത്സവം; നൃത്ത പരിശീലകരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി
Thursday, March 14, 2024 6:38 PM IST
കൊച്ചി: കേരള സർവകലാശാല യുവജനോത്സവത്തിൽ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന കേസിൽ നൃത്ത പരിശീലകരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി.
കേസിലെ രണ്ടാം പ്രതി ജോമെറ്റ്, മൂന്നാം പ്രതി സൂരജ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജിയിലെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസിലെ ഒന്നാം പ്രതി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.
ഇതേ മാനസികാവസ്ഥയിലാണ് തങ്ങൾ എന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി ഹർജി നാളത്തേയ്ക്കു മാറ്റിവച്ചു.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലെ മാർഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്.
സംഘാടകർ നൽകിയ പരാതിയെ തുടർന്ന് വിധികർത്താവായ കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ.ഷാജി (52), പരിശീലകൻ കാസർഗോഡ് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി.സൂരജ്(33) എന്നിവരെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.