മലപ്പുറത്ത് കാല്പ്പന്തിനിടെ കൈയാങ്കളി; ഐവറി കോസ്റ്റ് താരം പരാതി നല്കി
Wednesday, March 13, 2024 4:03 PM IST
മലപ്പുറം: അരീക്കോട് ഫുട്ബാള്‍ മത്സരത്തിനിടെ കാണികളാല്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഐവറി കോസ്റ്റ് താരം ഹസന് ജൂനിയര്‍(21) ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കാണികളുടെ ഭാഗത്ത് നിന്ന് വംശീയ അധിക്ഷേപം ഉണ്ടായെന്നും ചിലര്‍ "ബ്ലാക്ക് മങ്കി' എന്ന് വിളിച്ചു പ്രകോപ്പിക്കുകയാണ് ചെയ്തതെന്നും ഹസന് പറഞ്ഞു.
ഇതിനിടെ ചിലര്‍ കല്ലെറിഞ്ഞെന്നും ഇത് ചോദിക്കാന്‍ ചെന്ന തന്നെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കേരളത്തില്‍ കളിക്കാന്‍ ഭയമുണ്ടെന്നും സംഭവത്തില്‍ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ചയാണ് ചെമ്രക്കാട്ടൂരില് നടന്ന ഫുട്ബാള്‍ മത്സരത്തിനിടെ ഹസന് ആക്രമിക്കപ്പെട്ടത്. മൈതാനത്തില്‍ ഒരു കൂട്ടം കാണികള്‍ താരത്തെ ഓടിച്ചിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും താരത്തെ തല്ലുന്ന വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.