തിരുവനന്തപുരത്ത് ത്രികോണ മത്സരം; യുഡിഎഫ് വിജയിക്കും: ശശിതരൂർ
Sunday, March 10, 2024 11:32 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനേയും ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെയും ഗൗരവത്തോടെയാണ് കാണുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി ശശിതരൂർ.
തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫില്‍ നിന്ന് ഞാന്‍ പിടിച്ചെടുത്തതാണ്. എനിക്ക് മുമ്പേ രണ്ട് തവണ അവരാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്. അതിനാല്‍ രണ്ട് സ്ഥാനാര്‍ഥികളേയും ഞങ്ങള്‍ക്ക് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇവിടെ വീണ്ടും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും തരൂർ പറഞ്ഞു.
പത്തു വർഷം രാജ്യം ഭരിച്ചിട്ട് ബിജെപി എന്താണ് ഇവിടെ ചെയ്തതെന്ന് ചൂണ്ടിക്കാണിക്കണം. രാജ്യത്തിന്റെ ഭാവി എന്തായിരിക്കണമെന്നും ആരാണ് ഇന്ത്യയെ ഭരിക്കേണ്ടതെന്നും തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.