വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു
Wednesday, March 6, 2024 2:00 PM IST
കൊച്ചി: സ്വയംപ്രഖ്യാപിത ആള്‍ദൈവമായിരുന്ന സന്തോഷ് മാധവന്(50) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് സന്തോഷ് മാധവന് എന്ന സ്വാമി അമൃത ചൈതന്യയെ കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ഗള്‍ഫ് മലയാളിയായ ഒരു സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. ആയുധ കള്ളക്കടത്ത് കേസിൽ ഇന്റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി പട്ടികയിലും സന്തോഷ് മാധവന്റെ പേരുണ്ടായിരുന്നു.
അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്. 2009 മേയിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീഷണൽ സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്. എട്ടുവർഷത്തെ ജയിൽവാസത്തിന് ശേഷം 2017ൽ ജയിൽമോചിതനായി.
പിന്നീട് പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം. സന്തോഷ് മാധവൻ അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.