സര്‍ക്കാരിന് വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാന്‍ കൊണ്ടുവന്ന ക്ഷീരസഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി
Tuesday, March 5, 2024 3:14 PM IST
ന്യൂഡല്‍ഹി: മില്‍മ ഭരണം പിടിക്കുകയെന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീരസഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് രാഷ്ട്രപതിയുടെ തീരുമാനം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ നാല് ബില്ലുകള്‍ക്കാണ് ഇതുവരെ രാഷ്ട്രപതി അനുമതി നിഷേധിച്ചത്.
പ്രാദേശിക ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ക്കോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കോ സമിതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശം നല്കുന്ന ബില്ലാണ് നിയമസഭ പാസാക്കിയത്. ഇതുവഴി മില്‍മയുടെ ഭരണം പിടിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇവര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള വ്യവസ്ഥ രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചതോടെ ഇല്ലാതാകും.
കേരള നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നിന് മാത്രമാണ് അംഗീകാരം ലഭിച്ചത്. ലോകായുക്ത ബില്ലില്‍ മാത്രമാണ് ഇതുവരെ രാഷ്ട്രപതി ഒപ്പിട്ടത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നല്‍കിയിരുന്നില്ല.
ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയക്കുകയായിരുന്നു. ഇനി രണ്ട് ബില്ലുകളില്‍ മാത്രമാണ് രാഷ്ട്രപതി തീരുമാനം എടുക്കാനുള്ളത്.