ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്; എതിർപ്പറിയിച്ച് വത്തിക്കാൻ
Tuesday, March 5, 2024 2:25 PM IST
പാരീസ്: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്.
സ്ത്രീകൾക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാൻ 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്തു. ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 25-ാമത്തെയും 2008നു ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്.
ഗര്‍ഭച്ഛിദ്രം ഭരണഘടനാവകാശമാക്കുന്ന നിര്‍ണായക ഭേദഗതി ബില്ലിന് നേരത്തെ ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോൾ എതിർത്തത് വെറും 50 പേര് മാത്രമായിരുന്നു.
വോട്ടെടുപ്പിനുപിന്നാലെ പാരീസിലെ ഈഫൽ ടവറിൽ ആഘോഷ പ്രകടനങ്ങൾ നടന്നു. ‘ഫ്രാൻസിന്റെ അഭിമാനം’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. സാർവദേശീയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ഫ്രഞ്ച് നടപടിയെ വത്തിക്കാൻ എതിർത്തു. ഒരു മനുഷ്യജീവനെടുക്കാൻ ആർക്കും അവകാശമില്ലെന്ന് വത്തിക്കാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഫ്രഞ്ച് ബിഷപ്പുമാരുടെ ഇക്കാര്യത്തിലുള്ള ആശങ്കകൾ വത്തിക്കാൻ പങ്കുവയ്ക്കുകയും ചെയ്തു.
ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ല്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍, ഗർഭഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയില്‍ ഇല്ലായിരുന്നു. 2022ൽ മാത്രം 2,34,000 ഗര്‍ഭഛിദ്രങ്ങള്‍ ഫ്രാന്‍സില്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.