ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്
Saturday, March 2, 2024 9:15 AM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇന്ന് പുറത്തുവിടും. കേരളത്തിലേതുള്‍പ്പെടെയുള്ള നൂറിലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ശനിയാഴ്ച പ്രഖ്യാപിക്കുക.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യഘട്ട പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങി നിരവധി പ്രമുഖരുടെ പേരുണ്ടാകും. സിനിമ മേഖലയില്‍ നിന്നുള്ള അക്ഷയ് കുമാര്‍, കങ്കണ റണാവത്ത് എന്നിവരടക്കം സ്ഥാനാര്‍ഥികളാകും. അക്ഷയ് കുമാര്‍ ചാന്ദ്നി ചൗക്കിലും കങ്കണ മാന്‍ഡിയിലും മത്സരിക്കുമെന്നാണ് സൂചന.
കേരളത്തിലെ ആദ്യ പട്ടികയില്‍ സുരേഷ് ഗോപിയടക്കമുള്ള പ്രമുഖര്‍ ഇടം പിടിച്ചേക്കും. തൃശൂരാകും അദ്ദേഹം മത്സരിക്കുക. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനുമാണ് സാധ്യത. പാലക്കാട് സി. കൃഷ്ണകുമാര്‍ കോഴിക്കോട് എം.ടി. രമേശ്, ആറ്റിങ്ങലില്‍ വി. മുരളീധരന്, മലപ്പുറത്ത് എ.പി. അബ്ദുള്ളകുട്ടി എന്നിങ്ങനെയാകും ആദ്യഘട്ട സ്ഥാനാർഥി പട്ടിക.
അതേസമയം, നിലവിലുള്ള എംപിമാരില്‍ മൂന്നിലൊന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. നിരവധി പുതുമുഖങ്ങളും യുവാക്കളും നാമനിര്‍ദേശം ചെയ്യപ്പെട്ടേക്കാം. ഇത്തവണ 400ല്‍ അധികം സീറ്റുകള്‍ എന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.