ആലപ്പുഴ സിപിഎമ്മിൽ വെടിനിർത്തൽ; പി.പി.ചിത്തരഞ്ജൻ ജില്ലാ സെക്രട്ടേറിയറ്റിൽ
Monday, February 19, 2024 11:01 PM IST
തിരുവനന്തപുരം: ആലപ്പുഴയിലെ സിപിഎം വിഭാഗീയതയിൽ വെടിനിർത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പി.പി.ചിത്തരഞ്ജൻ എംഎൽ എ, എം.സത്യപാലൻ എന്നിവരെ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.
വിഭാഗീയതയുടെ പേരിൽ ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ആലപ്പുഴ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.ബി. ചന്ദ്രബാബുവിനെ ഒഴിവാക്കി.
ആർ. നാസറിനെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി നിയമിച്ചു. ആലപ്പുഴ, ഹരിപ്പാട് ഏരിയാ കമ്മിറ്റികൾ ഒഴിവാക്കിയവരെയും ഉൾപ്പെടുത്തി ഏരിയാ കമ്മിറ്റികൾ പുനഃ സംഘടിപ്പിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ വിഭാഗീയ പ്രവണതകൾ ആവർത്തിക്കരുതെന്ന് എം.വി. ഗോവിന്ദൻ നിർദേശം നൽകി.