ജയലളിതയുടെ വസതി സ്മാരകമാക്കില്ല; തമിഴ്നാട് സർക്കാർ നിയമം പാസാക്കി
Friday, February 16, 2024 5:01 AM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാർഡൻ സ്മാരകമാക്കില്ലെന്ന് തമിഴ്നാട് സർക്കാർ. ഇത് സംബന്ധിച്ച ബില്ല് വ്യാഴാഴ്ച തമിഴ്നാട് നിയമസഭ പാസാക്കി.
2020 ലെ മുൻ സർക്കാരിന്റെ കാലത്തെ ഡോ. ജയലളിത മെമ്മോറിയൽ ഫൗണ്ടേഷൻ ആക്ട് പ്രകാരമാണ് പോയസ് ഗാർഡൻ സ്മാരകമാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ ജയലളിതയുടെ ബന്ധു ജെ. ദീപ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹർജിയിൽ വിധിപറഞ്ഞ കോടതി പോയസ് ഗാർഡൻ ദീപയ്ക്ക് വിട്ടുനൽകാൻ നിർദേശിച്ചിരുന്നു. കോടതി വിധിപ്രകാരം മുൻപ് പാസാക്കിയ നിയമം നിലനിൽക്കാത്ത സാഹചര്യത്തിലാണ് വിഷയത്തിൽ നിലവിലെ തമിഴ്നാട് സർക്കാരിന്റെ പുതിയ തീരുമാനം.