ഭിക്ഷാടനത്തിന് മക്കളെ നിർബന്ധിച്ചു; 45 ദിവസങ്ങൾക്കൊണ്ട് യുവതി സമ്പാദിച്ചത് 2.5 ലക്ഷം രൂപ
Wednesday, February 14, 2024 6:52 AM IST
ഭോപ്പാൽ: ഇൻഡോറിലെ തെരുവിൽ ഭിക്ഷ യാചിക്കാൻ എട്ട് വയസുള്ള മകളെയും രണ്ട് ആൺമക്കളെയും നിർബന്ധിച്ച സ്ത്രീ 45 ദിവസം കൊണ്ട് സമ്പാദിച്ചത് 2.5 ലക്ഷം.
നഗരത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 150 ഓളം പേരുടെ സംഘത്തിലെ അംഗമായ യുവതിയുടെ കുടുംബത്തിന് രാജസ്ഥാനിൽ ഭൂമിയും ഇരുനില വീടും ഉണ്ടെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ഒരു എൻജിഒ അവകാശപ്പെട്ടു.
ഇൻഡോർ-ഉജ്ജയിൻ റോഡിലെ ലുവ്-കുഷ് ഇന്റർസെക്ഷനിൽ ഭിക്ഷാടനം നടത്തുന്ന ഇന്ദ്ര ബായി എന്ന സ്ത്രീയെ അടുത്തിടെ കണ്ടെത്തുമ്പോൾ അവരുടെ കൈവശം 19,200 രൂപയോളം പണം കണ്ടെത്തിയെന്ന് ഇൻഡോറിനെ യാചക രഹിത നഗരമാക്കാൻ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രവേഷ് എന്ന സംഘടനയുടെ പ്രസിഡന്റ് രൂപാലി ജെയിൻ പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ താൻ ഭിക്ഷയായി 2.5 ലക്ഷം രൂപ സമ്പാദിച്ചതായും അതിൽ ഒരു ലക്ഷം രൂപ ഭർത്താവിന് അയച്ചുകൊടുത്തതായും 50,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായും സ്ഥിര നിക്ഷേപ പദ്ധതികളിൽ (എഫ്ഡി) 50,000 രൂപ നിക്ഷേപിച്ചതായും ഇന്ദ്ര അറിയിച്ചു
പിടിക്കപ്പെട്ടതിന് ശേഷം, ഇന്ദ്ര ഒരു വനിതാ എൻജിഒ പ്രവർത്തകയുമായി വഴക്കുണ്ടാക്കി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇൻഡോർ ഉൾപ്പെടെ 10 നഗരങ്ങളെ യാചക വിമുക്തമാക്കാനുള്ള പരീക്ഷണ പദ്ധതിക്ക് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം തുടക്കമിട്ടിരുന്നു. നഗരത്തിൽ ഭിക്ഷ യാചിക്കാൻ നിർബന്ധിതരായ കുട്ടികളെ രക്ഷിക്കാൻ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 10 കുട്ടികളെ രക്ഷപ്പെടുത്തി സർക്കാർ നടത്തുന്ന ശിശുഭവനിലേക്ക് അയച്ചു. കുട്ടികളെ ഭിക്ഷാടനത്തിന് നിർബന്ധിക്കുന്ന സംഘങ്ങൾക്കെതിരെയും നടപടിയെടുക്കുന്നുണ്ടെന്നും ഇൻഡോർ ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിംഗ് പറഞ്ഞു.