ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്; മലയാളത്തിൽ പ്രസംഗിച്ച് നരേന്ദ്ര മോദി
Tuesday, February 13, 2024 9:12 PM IST
അബുദാബി: യുഎഇയില്‍ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച മോദിയെ കൈയടികളോടെയാണ് സദസ് വരവേറ്റത്.
ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ് എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്റെ മധുരവുമായാണ് താൻ എത്തിയതെന്നും ഇന്ത്യ-യുഎഇ സൗഹൃദം നീളാല്‍ വാഴട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു. യുഎഇ പ്രസിഡന്റിനെ സഹോദരൻ എന്നും മോദി പ്രസംഗത്തില്‍ വിശേഷിപ്പിച്ചു.
അറബിയില്‍ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു. പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദി ഐഐടി ഡൽഹിയുടെ അബുദാബി കാമ്പസിൽ വിദ്യാർഥികളുമായും സംവദിച്ചു.