മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ മറുകണ്ടം ചാടി; നിതീഷ് കുമാർ വിശ്വാസ വോട്ട് നേടി
Monday, February 12, 2024 4:55 PM IST
പറ്റ്ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ബിഹാർ നിയമസഭയിൽ വിശ്വാസ വോട്ട് നേടി.വിശ്വാസവോട്ടെടുപ്പിന് മുന്‍പായി മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി.
ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നും. സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയശേഷമാണ് വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പിന്റെ നടപടികള്‍ ആരംഭിച്ചത്.
സ്പീക്കറും ആര്‍ജെഡി നേതാവായ അവധ് ബിഹാരി ചൗധരിയെ സ്ഥാനത്തു നിന്ന് നീക്കാൻ 125 എംഎല്‍എമാര്‍ അനുകൂലമായി വോട്ട് ചെയ്തു.112 എംഎല്‍എമാര്‍ സ്പീക്കറെ പിന്തുണച്ച് വോട്ട് ചെയ്തു.
243 അംഗ സഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ 122 പേരുടെ പിന്തുണയാണ് ആവശ്യമെങ്കിലും 130 അംഗങ്ങളുടെ പിന്തുണയാണ് എൻഡിഎ സർക്കാരിനുണ്ട്. ബിജെപിക്ക് 78, ജെഡിയു 45, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് നാല് സീറ്റുമാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയും സർക്കാരിനുണ്ട്.
ആർജെഡി, കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റുകളുണ്ട്.മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ഒമ്പത് തവണ സത്യപ്രതിജ്ഞ ചെയ്ത ആദ്യ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് അദ്ദേഹം പറഞ്ഞു.
നിതീഷിനെ ബിഹാറിലെ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും നിതീഷ് ഇനി മറുകണ്ടം ചാടില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.