പതിനേഴാം ലോക്സഭയ്ക്ക് സമാപനം : നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Saturday, February 10, 2024 6:20 PM IST
ന്യൂഡൽഹി: പതിനേഴാം ലോക്സഭയ്ക്ക് സമാപനം കുറിച്ചു കൊണ്ട് ലോക്സഭ അംഗങ്ങൾക്കും സ്പീക്കർക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട സമ്മേളന കാലമാണ് പൂർത്തിയാകുന്നതെന്നും കോവിഡ് മഹാമാരിയെ രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ലോകരാജ്യങ്ങൾക്കിടയിലെ മതിപ്പ് കൂട്ടുമെന്നും തലമുറകളായി ഇന്ത്യ സ്വപ്നം കണ്ടിരുന്ന പല നിയമങ്ങളും നടപ്പാക്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
വനിതാ സംവരണ ബിൽ നടപ്പാക്കിയതും ജമ്മുകാഷ്മീരിന്റെപ്രത്യേക പദവി എടുത്തു കളഞ്ഞതും ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക തീരുമാനങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചതിന് സമാപന പ്രസംഗത്തിൽ സ്പീക്കർ ഓം ബിർള സർക്കാരിന് നന്ദി അറിയിച്ചു.