ഡൽഹിയിലെ എൽഡിഎഫ് സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം: ചെന്നിത്തല
Friday, February 9, 2024 12:03 AM IST
തിരുവനന്തപുരം: ഡൽഹിയിൽ എൽഡിഎഫ് നടത്തുന്ന കേന്ദ്രവിരുദ്ധ സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കർണാടകയുടെയും കേരളത്തിന്റെയും സമരങ്ങൾ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്രം നൽകാനുള്ളത് നൽകണം എന്നതിൽ അഭിപ്രായവ്യത്യാസമില്ല. എന്നാൽ ഏഴര വർഷമായി കേന്ദ്രസർക്കാരിനെതിരെ മിണ്ടാത്തവർ ഇപ്പോൾ സമരം ചെയ്യുന്നത് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള തന്ത്രമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിന്റെ ആവശ്യത്തെപ്പറ്റി ഒരക്ഷരം പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി സംസാരിക്കാത്തയാളാണ് പിണറായി വിജയൻ. അഴിമതിയും ദുർഭരണവും മൂലം വന്ന ധനപ്രതിസന്ധി മറച്ചു വയ്ക്കാനുള്ള തന്ത്രമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.