രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് സുരേഷ് ഗോപി
Monday, January 29, 2024 7:23 PM IST
കണ്ണൂർ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എൻഡിഎ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ കണ്ണൂരിൽവച്ചായിരുന്നു പ്രതികരണം.
മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തെരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനമെന്നും അദ്ദേഹം ചോദിച്ചു.
നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ. അതു സംഭവിച്ചിരിക്കും. കെ റെയിൽ വരും കേട്ടോ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരെങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അധമ സർക്കാരിനു മേൽ ഇടിത്തീ വീഴട്ടെ. സർക്കാരിനെതിരായ ആരോപണങ്ങൾ കേട്ടാൽ പെറ്റ തള്ള സഹിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.