വിദേശി പരാമർശം: മാപ്പ് പറഞ്ഞ് അധീർ രഞ്ജൻ ചൗധരി
Friday, January 26, 2024 10:42 PM IST
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയനെ വിദേശിയെന്ന് വിളിച്ച സംഭവത്തിൽ അധീർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞു. വ്യാഴാഴ്ച ബംഗാളിലെ സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അധീർ രഞ്ജൻ ചൗധരി വിവാദ പരാമർശം നടത്തിയത്.
ഡെറക് ഒബ്രിയനെ വിദേശി എന്നു വിളിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അശ്രദ്ധമായി പ്രയോഗിച്ച ഒരു വാക്കാണിതെന്നും അധീർ രഞ്ജൻ ചൗധരി എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ കുറിച്ചു. മാപ്പപേക്ഷ തൃണമൂൽ എംപി അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്.
ബംഗാളിൽ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെടാൻ കാരണം ലോക്സഭാ പ്രതിപക്ഷനേതാവായ അധീർ രഞ്ജൻ ചൗധരിയാണെന്ന് ഡെറിക് ഒബ്രിയൻ പറഞ്ഞിരുന്നു. ബിജെപി നിർദേശപ്രകാരമാണ് അധീർ രഞ്ജൻ പ്രവർത്തിക്കുന്നതെന്നും തൃണമൂൽ നേതാവ് ആരോപിച്ചിരുന്നു.