ദളിത് യുവാവ് വിനായകന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് എസ്സി എസ്ടി കോടതി
Wednesday, January 24, 2024 12:10 PM IST
തൃശൂർ: തൃശൂർ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണം സംബന്ധിച്ച് തുടരന്വേഷണത്തിന് തൃശൂർ എസ്സി എസ്ടി കോടതി ഉത്തരവിട്ടു. 2017 ജൂലൈയിലാണ് വിനായകൻ മരിച്ചത്.
പോലീസ് മർദനത്തെ തുടർന്നാണ് വിനായകൻ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. കേസിൽ പോലീസുകാർക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിക്കുന്നത്. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മർദ്ദിച്ചു എന്ന കേസും ആത്മഹത്യാകേസുമാണ് എടുത്തിട്ടുള്ളത്.