ദളിത് പെൺകുട്ടിക്ക് പീഡനം; ഡിഎംകെ നേതാവിന്റെ മകനും മരുമകൾക്കുമെതിരെ കേസ്
Friday, January 19, 2024 3:33 PM IST
ചെന്നൈ: ഡിഎംകെ എംഎൽഎ ഐ. കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്. വീട്ടിൽ ജോലിക്കുനിന്ന ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ കല്ലുറിച്ചിയിലാണ് സംഭവം. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയാറെടുക്കുന്ന പെൺകുട്ടി, കരുണാനിധിയുടെ മകന്റെ വീട്ടിൽ ജോലിക്കു വന്നത് പരിശീലനത്തിനു പണം കണ്ടെത്താനാണ്. ഒരു വർഷമായി കുട്ടി ഇവിടെയാണ് ജോലി ചെയ്തിരുന്നത്.
പൊങ്കൽ അവധിക്ക് പെൺകുട്ടി ഉളുന്ദൂർപേട്ടയിലുള്ള കുടുംബവീട്ടിലേക്ക് മടങ്ങി. പിന്നീട് സർക്കാർ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയം ഡിഎംകെയുടെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്നും നടപടിവേണമെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു.