യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവം: മാപ്പുപറഞ്ഞ് ഇന്‍ഡിഗോ
Tuesday, January 16, 2024 12:36 PM IST
മുംബൈ: മുംബൈയില്‍ വിമാനയാത്രികർക്ക് റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ മാപ്പുപറഞ്ഞ് ഇന്‍ഡിഗോ എയർലൈൻസ്. ഞായാറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മറുപടിയുമായി വിമാനക്കമ്പനി രംഗത്തെത്തിയത്.
'2024 ജനുവരി 14ന് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും അപ്രതീക്ഷിതമായ കനത്ത മഞ്ഞാണ് ദൃശ്യമായത്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും പ്രവർത്തനങ്ങളെയും അത് ബാധിച്ചു. ഉപഭോക്തൃ സുരക്ഷയെ മുൻനിർത്തി, ഞങ്ങളുടെ സ്റ്റാഫ് അവരുടെ ഏറ്റവും മികച്ച പ്രവർത്തനം നടത്തുകയും ഈ സാഹചര്യത്തെ നേരിടാനും ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച രീതിയിൽ സേവനം ചെയ്യാനും അശ്രാന്തമായി പരിശ്രമിച്ചു.
എങ്കിലും ഞങ്ങളുടെ ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടായതിൽ ഞങ്ങൾ ആത്മാർഥമായി ഖേദിക്കുന്നു. ഭാവിയിൽ ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരാൻ ഇത്തരം ദിവസങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഞങ്ങൾ വിലയിരുത്തുകയാണ്' - പ്രസ്താവനയില്‍ എയര്‍ലൈന്‍ വ്യക്തമാക്കി.