ഗാസയില്‍ ഒരു മാധ്യമപ്രവര്ത്തകന് കൂടി കൊല്ലപ്പെട്ടു: ആശങ്ക പ്രകടിപ്പിച്ച് യുഎന്‍
വെബ് ഡെസ്ക്
Monday, January 15, 2024 6:23 AM IST
ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായാറാഴ്ചയാണ് സംഭവം. കെയ്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഗാദ് ടെലിവിഷന്‍ ചാനലിലെ റിപ്പോര്‍ട്ടറായ യാസന്‍ അല്‍ സ്വയ്ദിയാണ് മരിച്ചത്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ചാനല്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ നിരവധി മാധ്യമപ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇവരെല്ലാം തന്നെ യുദ്ധം സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയതായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കുന്ന കൂട്ടായ്മയായ "കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റിന്റെ' കണക്കനുസരിച്ച് 82 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
പ്രദേശത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരുടെ മരണത്തിലെ വര്‍ധനവ് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു. യുദ്ധം ആരംഭിച്ചത് മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് മേല്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പറഞ്ഞു.
യുദ്ധം ആരംഭിച്ച് നൂറ് ദിനങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര പരിമാധികാര പലസ്തീന് രാഷ്ട്രം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുദ്ധം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റഫയിലുണ്ടായ ഷെല്ലാക്രമണത്തില്‍ വീട് തകര്‍ന്ന് രണ്ട് വയസുകാരിയുള്‍പ്പടെ നാലു പേര് കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല പ്രദേശത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഒട്ടേറെ വീടുകള്‍ തകര്‍ത്തു. ബെയ്റൂട്ടില്‍ വച്ച് വധിക്കപ്പെട്ട ഹമാസ് ഭീകരന് സലേ അല്‍ അറൂറിയുടെ രണ്ട് സഹോദരിമാര്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ വച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു.