രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസ് തീരുമാനം സ്വാഗതാർഹമെന്ന് എം.വി. ഗോവിന്ദൻ
Thursday, January 11, 2024 3:14 PM IST
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കോൺഗ്രസിന്റെ നിലപാടുമാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നത്.
എല്ലാവരോടുമുള്ള പോലീസിന്റെയും ഭരണകൂടത്തിന്റെയും നിലപാട് ഒരുപോലെയാണെന്നും രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവരെയാണ് ക്ഷണിച്ചത്.
എന്നാൽ ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.