രാഹുലിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി കിരാതമെന്ന് കെ. സുധാകരൻ
Tuesday, January 9, 2024 11:17 AM IST
വാഷിംഗ്ടൺ ഡിസി: സര് സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്.
സ്തുതിപാടകരാല്‍ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. രാഹുലിനെ കരിച്ചു കളയാമെന്ന് പിണറായി വിജയന് കരുതുന്നുണ്ടെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നു സുധാകരന് മുന്നറിയിപ്പ് നൽകി.
പോലീസ് മര്‍ദനമേറ്റ രാഹുലിനെ ആശുപത്രിയില്‍ നിന്നു ചികിത്സ കഴിഞ്ഞു വന്നയുടനേയാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഭീകരോടുംപോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനല്‍ കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ രാഹുല്‍ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന പൊതുപ്രവര്‍ത്തകനാണ്. നോട്ടീസ് അയച്ചുവിളിച്ചാല്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നയാളാണ് അദ്ദേഹം.
സിപിഎമ്മും പോലീസും ചേര്‍ന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്നും സുധാകരന് ചൂണ്ടിക്കാട്ടി.