തൊടുപുഴയിലേക്ക് പോകും, പ്രതിഷേധങ്ങളെ ഭയമില്ല: ഗവര്‍ണര്‍
Tuesday, January 9, 2024 10:33 AM IST
കൊച്ചി: പ്രതിഷേധങ്ങളെ തനിക്ക് ഭയമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. താന്‍ തൊടുപുഴയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമെന്നും ഒന്നിനെയും ഭയമില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
തനിക്ക് ഒരു ഭീഷണിയുമില്ല. എവിടെ വേണമെങ്കിലും ഇറങ്ങി നടക്കാന്‍ ഒരു പേടിയുമില്ല. കോഴിക്കോട് താന്‍ തെരുവില്‍ ഇറങ്ങി നടന്നത് കണ്ടില്ലേയെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് ചോദിച്ചു. അതുപോലെ വേണമെങ്കില്‍ കൊച്ചിയിലും നടക്കാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
തൊടുപുഴയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
അതേസമയം ഗവർണർ എത്താനിരിക്കെ തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ എസ്ഫ്ഐ കറുത്ത ബാനർ ഉയർത്തി. "സംഘിഖാൻ നിങ്ങളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നില്ല' എന്നെഴുതിയ കറുത്ത ബാനറാണ് റോഡിന് കുറുകെ കെട്ടിയിരിക്കുന്നത്.
കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ ഇന്ന് തൊടുപുഴയിലെത്തുക. എൽഡിഎഫ് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.