സുപ്രീംകോടതി വിധിക്കു പിന്നാലെ ഓഹരിവിപണിയിൽ നേട്ടമുണ്ടാക്കി അദാനി ഗ്രൂപ്പ്
Wednesday, January 3, 2024 12:20 PM IST
മുംബൈ: ഹിൻഡൻബർഗ് കേസിലെ അനുകൂല വിധിക്ക് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം ഉയർന്നു. ഓഹരിവിപണിയിൽ നഷ്ടമുണ്ടായെങ്കിലും അദാനിയുടെ എല്ലാ കമ്പനികളും നേട്ടമുണ്ടാക്കി.
ഓഹരികൾ 14 ശതമാനത്തിലധികം ഉയർന്നതിനെത്തുടർന്ന് അദാനി എനർജി സൊല്യൂഷൻ ലിമിറ്റഡ് നേട്ടമുണ്ടാക്കി, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 11 ശതമാനത്തിലധികം ഉയർന്നു. അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, അംബുജ സിമന്റ്സ് ലിമിറ്റഡ് എന്നിവ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. എൻഡിടിവിയും പത്തു ശതമാനം നേട്ടത്തിലാണ്.
അദാനി ഗ്രൂപ്പ് സ്റ്റോക്കുകൾ നിക്ഷേപക സമ്പത്തിൽ 1.18 ലക്ഷം കോടി രൂപ ചേർത്തു, കമ്പനിയുടെ മൊത്തം വിപണി മൂലധനം 15.62 ലക്ഷം കോടി രൂപയായി ഉയർന്നു.
ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് ഒരു തെളിവായി കണക്കാക്കാൻ കഴിയില്ലെന്നും മൂന്നാംകക്ഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി മൂന്നുമാസത്തിനകം സെബി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി അറിയിച്ചു.
വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെബി അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡിവൈചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബർ 24നു വിധി പറയാൻ മാറ്റിയിരുന്നു.