സജി ചെറിയാന്റെ പരാമര്‍ശം ഔചിത്യമില്ലാത്തത്, പിന്‍വലിക്കുന്നതുവരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി
Tuesday, January 2, 2024 1:28 PM IST
തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഔചിത്യവും ആദരവും ഇല്ലാത്തതെന്ന് കെസിബിസി.
ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനേക്കുറിച്ച് മന്ത്രി ബഹുമാനമില്ലാതെ സംസാരിച്ചത് ഉചിതമായില്ലെന്ന് ഏറ്റവും തീവ്രതയോടെ താന്‍ സര്‍ക്കാരിനെ അറിയിക്കുകയാണെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
മന്ത്രി പരാമര്‍ശം പിന്‍വലിച്ച് അതിന് വിശദീകരണം നല്‍കുന്നതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ക്രൈസ്തവസഭാ നേതാക്കള്‍ ആരെ കാണണം എന്ന് നിശ്ചയിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ പരാമര്‍ശത്തില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളി തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. ഏതെങ്കിലും ഒരു വിരുന്നിന് പോയാല്‍ ആ രാഷ്ട്രീയ പാര്‍ട്ടിയോടാണ് ക്രൈസ്തവ സമൂഹത്തിന് ചായ്വ് എന്ന് സ്ഥാപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മന്ത്രിക്കെതിരേ യാക്കോബായ സഭയും രംഗത്തുവന്നിരുന്നു. സജി ചെറിയാന്റെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് സഭയുടെ മീഡിയ കമ്മീഷന് ചെയര്മാന് കുര്യാക്കോസ് മാര്‍ തെയോഫിലോസ് പ്രതികരിച്ചു.
ഏതെങ്കിലും വിരുന്നില്‍ പങ്കെടുത്തു എന്ന് കരുതി അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടുകളെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നിൽ ക്രൈസ്തവ സഭാധ്യക്ഷൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.