രാജീവ് ഗാന്ധി വധം; മുരുകനെ ലണ്ടനിലേക്ക് വിടാനാകില്ലെന്ന് കേന്ദ്രം
Monday, December 18, 2023 9:21 PM IST
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ മുരുകനെ ലണ്ടനിലേക്ക് വിടാനാകില്ലെന്ന് കേന്ദ്രസർക്കാർ. ശ്രീലങ്കൻ പൗരനായ മുരുകനെ ശ്രീലങ്കയിലേക്ക് പോകാൻ അനുവദിക്കാമെന്നും കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
ലണ്ടനിലുള്ള മകളുടെ അടുത്തേക്ക് പോകണമെന്ന മുരുകന്റെ ആവശ്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിൽ അഡിഷണൽ സോളിസിറ്റർ ജനറൽ നിലപാടറിയിച്ചത്. മുരുകനെ ശ്രീലങ്കയിലേക്ക് അയക്കാമെന്നും എന്നാൽ അതിനാവശ്യമായ രേഖകൾ ലങ്കൻ സർക്കാർ നൽകണമെന്നും സോളിസിറ്റാർ ജനറൽ കോടതിയെ അറിയിച്ചു.
എന്നാൽ മുരുകന് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാൻ കഴിയില്ലെന്ന് ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽകി. ലങ്കയിൽ ജീവന് ഭീഷണി ഉണ്ടെന്നും നളിനി സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ശ്രീലങ്കൻ പൗരനായ മുരുകൻ 1991 ൽ ഇന്ത്യയിലെത്തിയത് രാജ്യത്തെ പ്രത്യേക സാഹചര്യം കാരണമാണെന്നും നളിനി കോടതിയെ അറിയിച്ചു. നിലവിൽ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ ആണ് മുരുകനുള്ളത്.