റഷ്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ മരണം: ദുരൂഹതയേറുന്നു
വെബ് ഡെസ്ക്
Thursday, December 14, 2023 6:35 AM IST
മോസ്‌കോ: റഷ്യയിലെ കോംസോമോല്‍സ്‌കയ പ്രവദ എന്ന ദിനപത്രത്തിന്‍റെ ഡെപ്യുട്ടി എഡിറ്റര്‍ ഇന്‍ ചീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. 35കാരിയായ അന്ന സരേവയേയാണ് മോസ്‌കോയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുടിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന പത്രമാണ് കോംസോമോല്‍സ്‌കയ പ്രവദ. ഡിസംബര്‍ പത്ത് മുതല്‍ അന്നയെ പറ്റി വിവരങ്ങളൊന്നുമില്ലായിരുന്നു. ഇതോടെ അന്വേഷിച്ചിറങ്ങിയ പിതാവാണ് മോസ്‌കോയിലെ വസതിയില്‍ മൃതദേഹം കണ്ടെത്തിയത്.
ഒരു വര്‍ഷം മുന്‍പാണ് അന്നയുടെ മേലധികാരിയും കോംസോമോല്‍സ്‌കയ പ്രവദയുടെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന വ്‌ലാദിമിര്‍ സുംഗോര്‍ക്കിന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. സുംഗോര്‍ക്കിന്‍ റഷ്യന്‍ പ്രസിഡന്‍റിന്‍റെ അടുത്ത അനുയായിയുമായിരുന്നു.
പത്രത്തിന്‍റെ ഓണ്‍ലൈന്‍ വിഭാഗത്തിലാണ് കഴിഞ്ഞ ആറ് വര്‍ഷമായി അന്ന ജോലി ചെയ്തിരുന്നത്. റഷ്യയിലെ ഏറ്റവും വലിയ ന്യൂസ് വെബ്‌സൈറ്റുകളിലൊന്നാണ് കോംസോമോല്‍ഡസ്‌കയുടേത്. അന്നയുടെ മരണത്തിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.