ജനങ്ങൾ മോദിയുടെ ഉറപ്പിൽ വിശ്വസിച്ചു, അതാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്: രമൺ സിംഗ്
Sunday, December 3, 2023 1:59 PM IST
റായ്പുർ: ഛത്തീസ്ഗഡിൽ ബിജെപി ഭരണം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ വിജയശില്പി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പ്രതികരിച്ച് ബിജെപി നേതാവ് രമൺസിംഗ്.
ഇത് മോദിജിയുടെ ഉറപ്പായിരുന്നു, ജനങ്ങൾ ആ ഉറപ്പിൽ വിശ്വസിച്ചെന്നും അതാണ് ട്രെൻഡുകൾ കാണിക്കുന്നതെന്നും രമൺസിംഗ് പറഞ്ഞു. അടിയൊഴുക്ക് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. ഇത് ഇത്രയും വലുതായിരിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഭൂപേഷ് ബാഗേലിനെ ഛത്തീസ്ഗഡ് തള്ളിക്കളഞ്ഞു. ബാഗേലിന്റെ അഴിമതി, മദ്യ കുംഭകോണം, മഹാദേവ് ആപ്പ് അഴിമതി എന്നിവയാണ് തോൽവിയിലേക്ക് സംഭാവന ചെയ്തതെന്നും രമൺ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാവിലെ 11 മണി വരെ ഛത്തീസ്ഗഡിൽ കോൺഗ്രസ് ആയിരുന്നു മുന്നിൽ. എന്നാൽ വോട്ടെണ്ണൽ തുടങ്ങി നാലുമണിക്കൂർ പിന്നിട്ടപ്പോൾ ചിത്രം മാറിമറിഞ്ഞു. വ്യക്തമായ ലീഡോടെ ബിജെപി അധികാരമുറപ്പിച്ചു.
പാർട്ടി അധികാരത്തിൽ വന്നാൽ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അത് പാർട്ടിയുടെ തീരുമാനമായിരിക്കുമെന്നാണ് രമൺസിംഗ് പറഞ്ഞത്. താൻ ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നെ ഏൽപ്പിച്ച ജോലി എന്തായാലും അത് സമർപ്പണത്തോടെ ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.