12 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചെന്ന് ഇസ്രയേല്‍
Wednesday, November 29, 2023 1:24 AM IST
റഫാ: 12 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചതായി അറിയിച്ച് ഇസ്രയേല്‍. ഹമാസും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ റെഡ്ക്രോസിന് കൈമാറുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ എഎഫ്പി ജേര്‍ണലിസ്റ്റ് പറഞ്ഞു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ സമാധാന സന്ധി രണ്ടു ദിവസത്തേക്കു കൂടി നീട്ടിയ സാഹചര്യത്തിലാണ് കൂടുതല്‍ ബന്ദികളെ മോചിപ്പിച്ചിരിക്കുന്നത്.
ഇപ്പോള്‍ മോചനം ലഭിച്ചവരെല്ലാം വനിതകളാണ്. മാസ്ക് ധരിച്ച ഹമാസ് തീവ്രവാദികളും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്നാണ് റഫാ അതിര്‍ത്തിയില്‍ വച്ച് ഇവരെ റെഡ്ക്രോസ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നുവെന്നും എഎഫ്പി ജേര്‍ണലിസ്റ്റ് പറഞ്ഞു.
പിന്നീട് ഇതു സംബന്ധിച്ച് ഇസ്രയേലി സൈന്യത്തിന്റെ ഔദ്യോഗിക അറിയിപ്പും പുറത്തു വന്നു. ലഭിച്ച വിവരമനുസരിച്ച് 12 പേരാണ് മോചിതരായതെന്നും ഇതില്‍ 10 പേര് ഇസ്രയേലികളും ബാക്കിയുള്ള രണ്ടു പേര് വിദേശികളുമാണെന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാവരും ഉടന്‍ തന്നെ ഇസ്രയേലിലെത്തുമെന്നും സൈന്യം അറിയിച്ചു.