ഫുട്ബോൾ താരം നെയ്മറുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീട് കൊള്ളയടിച്ചു
Wednesday, November 8, 2023 9:07 PM IST
സാവോ പോളോ: ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറുടെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സാവോ പോളോയിലെ കോട്ടിയയിലുള്ള വസതിയിലാണ് ആയുധധാരികളായ മൂന്നംഗ ആക്രമി സംഘമെത്തിയത്.
സംഭവസമയം ബ്രൂണയും കുഞ്ഞും വീട്ടിലില്ലായിരുന്നു. ബ്രൂണയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ കെട്ടിയിട്ടശേഷം അക്രമികള്‍ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും വീട്ടില്‍ ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ വീട് കൊള്ളയടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു.
ആക്രമണത്തില്‍ ബ്രൂണയുടെ മാതാപിതാക്കള്‍ക്ക് പരിക്കില്ല. അക്രമികള്‍ നെയ്മറുടെ വീടിന് അകത്തേക്ക് പോകുന്നത് കണ്ട സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ ഒരാളെ അറസ്റ്റ് ചെയ്തെന്ന് സാവോ പോളോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടാമനെ തിരിച്ചറിഞ്ഞുവെന്നും മൂന്നാമനെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.