വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കുന്നില്ല; പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി പ്രവാസി
Tuesday, November 7, 2023 12:21 PM IST
കോട്ടയം: വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യാഗ്രഹസമരവുമായി പ്രവാസി സംരംഭകന്. മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെ റോഡിലാണ് പ്രവാസിയായ ഷാജിമോന്‍ ജോര്‍ജ് പ്രതിഷേധിക്കുന്നത്.
ഓഫീസിന് മുന്നിലെ കാര്‍പോര്‍ച്ചില്‍ കട്ടിലില്‍ കിടന്ന് പ്രതിഷേധിച്ച ഇയാളെ പോലീസ് എത്തി ഇവിടെനിന്ന് ബലമായി പിടിച്ച് മാറ്റി. ഇതോടെ ഇയാള്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയാണ്
കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നെന്നാണ് ഇയാളുടെ ആരോപണം. സ്വന്തം നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ വഴിമുടക്കി നില്‍ക്കുകയാണെന്നാണ് പരാതി.
നിര്‍മാണ അനുമതി നല്കാന് കൈക്കൂലിയായി 20,000 രൂപയും വിദേശമദ്യവും ആവശ്യപ്പെട്ട മാഞ്ഞൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറെ കഴിഞ്ഞ ജനുവരിയിലാണ് ഷാജിമോന്‍ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്.
മാഞ്ഞൂര്‍ ടൗണിലാണ് 25 കോടിരൂപ മുടക്കി ഷാജിമോന്‍ സ്പോര്‍ട്ടിംഗ് വില്ലേജ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു മന്ത്രിമാര്‍ നേരിട്ടും വ്യവസായ മന്ത്രി ഓണ്‍ലൈന്‍ വഴിയും പങ്കെടുത്താണ് 90 പേര്‍ക്ക് തൊഴില്‍ നല്കുന്ന സംരംഭം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതിനു ശേഷവും നിസാര കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നെന്നാണ് പരാതി.
നിവൃത്തികേടുകൊണ്ടാണ് താന്‍ സമരത്തിന് ഇറങ്ങിയതെന്നും ഇയാള്‍ പ്രതികരിച്ചു.