81.5 കോടി ഇന്ത്യക്കാരുടെ ആധാർ, പാസ്പോർട്ട് വിവരങ്ങൾ ഡാർക്ക് വെബിൽ
Tuesday, October 31, 2023 7:09 AM IST
ന്യൂഡൽഹി: 81.5 കോടി ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഇത്രയധികം ഇന്ത്യക്കാരുടെ ആധാർ, പാസ്പോർട്ട് ഡാർക് വെബിൽ വിൽപനയ്ക്കു വച്ചിരുന്നതായി യുഎസ് സൈബർ സുരക്ഷാ ഏജൻസിയായ റീസെക്യൂരിറ്റിയാണ് വെളിപ്പെടുത്തിരിക്കുന്നത്. ‘pwn0001’ എന്ന പേരിലുള്ള ‘എക്സ്’ പ്രൊഫൈലിലൂടെ ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നുവെന്നാണു റിപ്പോർട്ട്.
പേര്, ആധാർ, പാസ്പോർട്ട് വിവരം, ഫോൺ നമ്പർ, വിലാസം, പ്രായം, ജെൻഡർ, രക്ഷിതാവിന്റെ പേര് എന്നിവയടക്കമുള്ള വിവരങ്ങൾ ഇതിലുണ്ടെന്നാണ് അവകാശവാദം. 80,000 യുഎസ് ഡോളറാണ് (ഏകദേശം 66.61 ലക്ഷം രൂപ) ഈ വിവരശേഖരത്തിനു വിലയിട്ടിരുന്നത്.
കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ ) ശേഖരിച്ച വിവരങ്ങളാണിവയെന്നും സംശയിക്കപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
ഇതു സംബന്ധിച്ച് ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്–ഇൻ) ഐസിഎംആറിനെ വിവരമറിയിച്ചതായും റിപ്പോർട്ടുണ്ട്.
2022 നവംബർ 30ന് ഐസിഎംആറിനു നേരെ വമ്പൻ സൈബർ ആക്രമണത്തിനു ശ്രമം നടന്നിരുന്നു. 24 മണിക്കൂറിനിടയിൽ ആറായിരത്തോളം ഹാക്കിംഗ് ശ്രമങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
ഹോങ്കോംഗിൽ നിന്നു കരിമ്പട്ടികയിൽപ്പെടുത്തിയ ഒരു ഐപി വിലാസം വഴിയാണ് ആക്രമണ ശ്രമമുണ്ടായതെന്നായിരുന്നു കണ്ടെത്തിയത്. പിന്നിൽ ചൈനയാണോയെന്നും സംശയമുയർന്നിരുന്നു.
കോവിഡ് വാക്സീനെടുക്കാനായി കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ആർക്കുമെടുക്കാൻ പാകത്തിൽ ടെലിഗ്രാം ആപ്പിൽ ലഭ്യമായത് വിവാദമായിരുന്നു.