സമ്മാനമില്ലെന്നു കരുതി ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒരു കോടി
Monday, October 23, 2023 6:05 AM IST
കോട്ടയം: സമ്മാനമില്ലെന്ന് കരുതി ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി.കെ. സുനില്‍കുമാറിനാണ് (53) ഒന്നാംസമ്മാനം അടിച്ചത്.ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് സുനില്‍കുമാറിന് ലഭിച്ചത്. ഒരു കോടി രൂപയാണ് സമ്മാനത്തുക.
പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് സുനില്‍ കുമാര്‍. വ്യാഴാഴ്ച പത്രത്തില്‍ ടിക്കറ്റിന്റെ ഫലം നോക്കുകയായിരുന്ന സുനില്‍ കുമാര്‍ ചെറിയ സമ്മാനങ്ങളുടെ നന്പറുകള്‍ ഒത്തുനോക്കിയപ്പോൾ സമ്മാനം ഒന്നുമില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് ടിക്കറ്റ് വീട്ടിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് ഒന്നൂകൂടി ഫലം നോക്കുകയും അതിനിടെ ഒന്നാം സമ്മാനനന്പര് ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. വീട് പണയംവച്ച് അടവ് മുടങ്ങിക്കിടക്കുന്ന സമയത്താണ് സുനില്‍കുമാറിനെ തേടി ഈ ഭാഗ്യമെത്തിയത്.