കള്ളപ്പണം വെളുപ്പിക്കൽ കേസ്: നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി
Thursday, October 12, 2023 12:41 PM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി മൂന്ന് മാസത്തേക്ക് നീട്ടി. നേരത്തെ ഓഗസ്റ്റ് 11 ന് അദ്ദേഹത്തിന് കോടതി രണ്ടുമാസത്തെ ജാമ്യം അനുവദിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഫെബ്രുവരി 23 നാണ് മാലിക് അറസ്റ്റിലായത്. തുടർന്ന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ജൂലൈ 13-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് 11ന് അപ്പീലിൽ വാദം കേട്ട സുപ്രീം കോടതി ഗുരുതരമായ വൃക്കരോഗം കണക്കിലെടുത്ത് മാലിക്കിന് ഇടക്കാല ജാമ്യം നല്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ചതിന് ശേഷം വ്യാഴാഴ്ച ജസ്റ്റിസുമാരായ ബേല എം ത്രിവേദി, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് മുൻ ഉത്തരവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ജാമ്യം നീട്ടുന്നതിനെ എതിർത്തില്ല.