ജാതി സെന്‍സസ് നടപ്പാക്കണം; കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രമേയം പാസാക്കി
Monday, October 9, 2023 4:15 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രമേയം പാസാക്കി. ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജാതി സെന്‍സസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ചരിത്രപരമായ തീരുമാനമാണെന്ന് രാഹുല്‍ പറഞ്ഞു.
നാല് മണിക്കൂറോളം സമയം പ്രവര്‍ത്തകസമിതി യോഗം ജാതി സെന്‍സസ് നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി. ജാതി സെന്‍സസ് ജാതിയുടെ വിഷയമല്ല. രാജ്യത്തെ ദരിദ്ര ജനങ്ങളുടെ വിഷയമാണ്.
രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ മോചനത്തിന് വേണ്ടിയുള്ള ഏറെ പുരോഗമനപരമായ തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷം പാര്‍ട്ടികളും പ്രമേയത്തെ പിന്തുണച്ചെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഒബിസി വിഭാഗത്തിനായി പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.