ബിഎസ്സി നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ച് സർക്കാർ
Saturday, September 23, 2023 7:09 PM IST
തിരുവനന്തപുരം: സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 ബിഎസ്സി നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകൾക്കും ആരോഗ്യ സർവകലാശാല അനുമതി നൽകി.
ചരിത്രത്തിലാദ്യമായാണ് ബിഎസ്സി നഴ്സിംഗിൽ ഇത്രയേറെ സീറ്റുകൾ ഒരുമിച്ച് വർധിപ്പിക്കുന്നത്. ഈ സീറ്റുകളിൽ ഈ വർഷം തന്നെ അഡ്മിഷൻ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഴ്സിംഗ് മേഖലയിലെ വലിയ സാധ്യത മുന്നിൽ കണ്ട് ഈ സർക്കാരിന്റെ കാലത്ത് നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കുന്നതിനും മാനദണ്ഡമനുസരിച്ച് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള പുതിയ കോളജുകൾക്ക് അംഗീകാരം നൽകുന്നതിനും തീരുമാനിച്ചിരുന്നു.
ഒപ്പം സർക്കാർ മേഖലയിലും സർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി-പാസ് പോലുള്ള സ്ഥാപനങ്ങളിലും പുതിയ കോളജുകൾ ആരംഭിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.