യുണെസ്കോ പൈതൃക പട്ടികയിലേക്ക് ഹോയ്സാല ക്ഷേത്രങ്ങളും
Monday, September 18, 2023 8:41 PM IST
ബംഗളൂരു: യുണെസ്കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടംനേടി കർണാടകയിലെ മൂന്ന് ഹോയ്സാല ക്ഷേത്രങ്ങൾ.
ഹാസൻ ജില്ലയിലെ ബേലുർ, ഹലേബിദ് എന്നിവടങ്ങളിലുള്ള ചെന്നകേശവ ക്ഷേത്രങ്ങളും മൈസൂരുവിലെ സോമനാഥപുരം കേശവ ക്ഷേത്രവും പട്ടികയിൽ ഇടംപിടിച്ച വിവരം ഇന്ന് വൈകിട്ടാണ് യുണൈസ്കോ എക്സിലൂടെ പുറത്തുവിട്ടത്.
ഹോയ്സാല രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ച ക്ഷേത്രങ്ങൾ നിർമാണത്തിലെ കരവിരുത് കൊണ്ട് ഏറെ പ്രശസ്തമാണ്. ഉയർന്ന പീഠത്തിൽ ഉറപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ മൃദുവായ, കൊത്തുപണികൾക്ക് ഇണങ്ങുന്ന കല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
വിഷ്ണുവർധന രാജാവിന്റെ ഭരണകാലത്ത് എഡി 1117-ലാണ് ബേലുർ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്. സോമനാഥ ക്ഷേത്രത്തിന്റെ നിർമാണം 1268-ലാണ് പൂർത്തിയായത്. മൂന്ന് ക്ഷേത്രങ്ങളിലും നിലവിൽ പുരാവസ്തു വകുപ്പിന്റെ പ്രത്യേക സംരക്ഷണയിലാണ്.