പി. ജയരാജന്റെ മകൻ ജെയിൻ രാജിനെ തള്ളി എം .വി. ജയരാജൻ
Monday, September 11, 2023 10:09 PM IST
കണ്ണൂർ: സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം കിരൺ കരുണാകരനെതിരെ പി. ജയരാജന്റെ മകൻ ജെയിൻ രാജ് ഫേസ്ബുക്കിലൂടെ നടത്തിയ പരാമർശങ്ങൾ തള്ളി പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
കിരണിനെതിരായ സൈബർ ആക്രമണം തെറ്റാണെന്നും പാർട്ടി ആഭിമുഖ്യമുള്ളവർ സാമൂഹ്യമാധ്യമങ്ങളിൽ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും ജയരാജൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്കുള്ള സാമൂഹ്യമാധ്യമ മാർഗരേഖ ബന്ധുമിത്രാദികളും പാലിക്കണം. സ്വർണക്കടത്തുകാരുമായി കിരണിന് ഒരു ബന്ധവും ഇല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഡിവൈഎഫ്ഐയിലെ മോശം പ്രവണതകൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കഴിഞ്ഞ ദിവസമാണ് ജെയിൻ രാജ് രംഗത്തെത്തിയത്. കിരണ്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ തെറിവിളി കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ജെയിൻ സംവാദത്തിന് തുടക്കമിട്ടത്. ഭാവിയില്‍ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യവാക്കുകള്‍ കൂടി ചേര്‍ത്ത് കൊണ്ടുള്ള ജെയിനിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെ, സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയുടെ വിവാഹ ചടങ്ങില്‍ കിരണ്‍ പങ്കെടുത്ത ഫോട്ടോയും ജെയിന് പോസ്റ്റ് ചെയ്തു.
ഇതോടെ ജെയിനിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. ജെയിനിന്റെ പ്രസ്താവനകളെ പരോക്ഷമായി വിമർശിച്ച ഡിവൈഎഫ്ഐ, സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണിതെന്ന് ആരോപിച്ചു.