പീഡനക്കേസിൽ കാമുകനെതിരെ മൊഴി നൽകിയില്ല; ഗർഭിണിയെ മാതാപിതാക്കൾ കഴുത്ത് ഞെരിച്ച് കൊന്നു
Sunday, August 27, 2023 5:56 PM IST
ലക്നോ: കുടുംബം നൽകിയ "വ്യാജ' ലൈംഗികാതിക്രമ പരാതിയിൽ, കാമുകനെതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാൽ ഗർഭിണിയായ യുവതിയെ മാതാപിതാക്കൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
ഉത്തർ പ്രദേശിലെ മുസഫർനഗർ സ്വദേശിയായ 19 വയസുകാരിയാണ് കൊല്ലപ്പെട്ടത്. എട്ട് മാസം ഗർഭിണിയായ യുവതിയെ വെള്ളിയാഴ്ച രാത്രി ഷാഹ്പുർ മേഖലയിലെ ഗോയ്ല ഗ്രാമത്തിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള നദിയിലേക്ക് തള്ളുകയായിരുന്നു.
2022 ഒക്ടോബറിൽ കാമുകനൊപ്പം വീട്ടിൽ നിന്നും ഒളിച്ചോടിയ യുവതിയെ പോലീസ് സഹായത്താലാണ് കുടുംബം കണ്ടെത്തിയത്. തുടർന്ന് യുവാവിനെതിരെ കുടുംബം നൽകിയ പീഡനക്കേസിൽ മൊഴി നൽകണമെന്ന് ഇവരോട് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.
പീഡനക്കേസിൽ മൊഴി നൽകാനായി യുവതിയെ ശനിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ യുവതിയുടെ മൊഴി തങ്ങൾക്ക് പ്രതികൂലമാകുമെന്ന് ഉറപ്പായതോടെയാണ് മാതാപിതാക്കൾ ഇവരെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായും ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.