കരിങ്കടലിന് മുകളിൽ ഡ്രോണുകൾ; യുദ്ധവിമാനങ്ങൾ അയച്ചുവെന്ന് റഷ്യ
Wednesday, August 23, 2023 4:42 AM IST
മോസ്കോ: കരിങ്കടലിനു മുകളിലൂടെ പറന്ന ഡ്രോണുകളെ തടയാൻ രണ്ട് യുദ്ധവിമാനങ്ങൾ അയച്ചതായി റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ ഡ്രോണുകൾ എംക്യു 9 റീപ്പർ, ബൈരക്തർ ടിബി 2 എന്നിവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഡ്രോണുകൾ അയച്ചത് ഏത് രാജ്യമാണെന്ന് റഷ്യ ആരോപിച്ചിട്ടില്ല.
അതേസമയം, മാർച്ച് പകുതിയോടെ കരിങ്കടലിന് മുകളിൽ വച്ച് ഒരു റഷ്യൻ യുദ്ധവിമാനവുമായി കൂട്ടിയിടിച്ച് യുഎസ് റീപ്പർ ഡ്രോൺ തകർന്നിരുന്നു.
കൂടാതെ, ഒരാഴ്ചയ്ക്കിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ബാൾട്ടിക് കടലിന് മുകളിൽ നാല് യുഎസ് സ്ട്രാറ്റജിക് ബോംബറുകൾ തടഞ്ഞതായി റഷ്യ മേയിൽ അറിയിച്ചിരുന്നു. ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, ബ്രിട്ടീഷ് വിമാനങ്ങൾ തടഞ്ഞതായും റഷ്യ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ, തങ്ങളുടെ പ്രദേശത്ത് നിന്നും കണ്ടെത്തിയ രണ്ട് യുക്രേനിയൻ സൈനിക ബോട്ടുകൾ തകർത്തതായി റഷ്യ അവകാശവാദമുന്നയിച്ചിരുന്നു.