സച്ചിൻ തെണ്ടുൽക്കർ തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ ഐക്കൺ
Tuesday, August 22, 2023 6:24 PM IST
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ വോട്ടിംഗ് അവബോധ കാമ്പയിനുള്ള ദേശീയ ഐക്കൺ ആയി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
2024 ലോക്സഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള പദ്ധതികളുടെ മുഖമായി തെണ്ടുൽക്കറെ ബുധനാഴ്ച ചേരുന്ന യോഗത്തിൽ ഔദ്യോഗികമായി നിയമിക്കും. മൂന്ന് വർഷത്തെ കരാറിലാണ് നിയമനം.
വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി പ്രശസ്തരെ ഐക്കണുകളായി പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പതിവാണ്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കായികതാരങ്ങളായ എം.എസ്. ധോണി, എം.സി. മേരി കോം, അഭിനേതാക്കളായ ആമിർ ഖാൻ, പങ്കജ് ത്രിപാഠി എന്നിവരെ ദേശീയ ഐക്കണുകളായി നിയമിച്ചിരുന്നു.