തെരഞ്ഞെടുപ്പിന് ഒരുമുഴം മുൻപെ; വിമതരെയും കൂടെച്ചേർത്ത് ഖാർഗെ
Sunday, August 20, 2023 10:02 PM IST
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തക സമിതി പുതുക്കിപ്പണിത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തനിക്കെതിരെ മത്സരിച്ച ശശി തരൂരിനെയും കോൺഗ്രസിലെ തന്നെ വിമത വിഭാഗമായ ജി 23 നേതാക്കളേയും ഉൾപ്പെടുത്തിയാണ് ഖാർഗെയുടെ പുനഃസംഘടന.
ചുമത ഏറ്റെടുത്ത് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ പാര്‍ട്ടിയുടെ ഉന്നതസമിതിയായ പ്രവര്‍ത്തക സമിതിയെ ഖാർഗെ സമർഥമായി ഉടച്ചുവാർത്തു. പഴയ നേതാക്കളെ നിലനിര്‍ത്തിയും പുതുമുഖങ്ങളെയും വിമത നേതാക്കളെയും ഉൾപ്പെടുത്തിയുമാണ് കോൺഗ്രസ് അധ്യക്ഷന്റെ നീക്കം.
അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഖാർഗെ മുന്നിൽക്കാണുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പും ഉണ്ടാകും.
പ്രവർത്തകസമിതിയിൽ 39 സ്ഥിരാംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമാണ് ഉള്ളത്. പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, എൻഎസ്യു, മഹിളാ കോണ്‍ഗ്രസ്, സേവാദൾ പ്രസിഡന്റുമാർ എക്സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും. മൊത്തം 84 അംഗ പ്രവർത്തക സമിതിക്കാണ് എഐസിസി നേതൃത്വം അംഗീകാരം നൽകിയിരിക്കുന്നത്.
ജി23 നേതാക്കളിൽപ്പെട്ട ശശി തരൂരും ആനന്ദ് ശർമയും രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടുമായി നിരന്തരം കലഹിച്ച മുൻ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും പ്രവർത്തകസമിതിയിൽ ഇടം പിടിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ പിന്തുണയില്ലാതെ മത്സരിച്ച തരൂർ ടീം ഖാർഗെയിൽ ഇടം പിടിച്ചത് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് പ്രവര്‍ത്തക സമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
തുടര്‍ന്ന് രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിക്ക് പകരമായാണ് പുതിയ പ്രവര്‍ത്തക സമിതി വരുന്നത്. 2020 സെപ്റ്റബര്‍ 11-നാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ അവസാനമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചത്.